വയോജനങ്ങളെ വീട്ടില്‍ നിന്ന് പുറത്തേക്ക് പറഞ്ഞുവിടുന്നവര്‍ക്കെതിരെ കേസെടുക്കും

കല്‍പ്പറ്റ: കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള ലോക്ക്ഡൗൺ വീണ്ടും കർശനമാക്കി വയനാട്. വീട്ടിലുള്ള വയോജനങ്ങളെ പുറത്തേക്ക് പറഞ്ഞുവിടുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രായമുള്ള ആളുകളെ മാസ്‌ക്കുകളില്ലാതെ വീട്ടില്‍ നിന്നും പുറത്തേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും പറഞ്ഞയക്കുന്ന സംരക്ഷണ ചുമതലയുള്ളവര്‍ക്കെതിരെ വയോജന സംരക്ഷണ പ്രകാരം കേസെടുക്കുമെന്നാണ് ഉത്തരവ്. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും ഫോണിലൂടെ ബന്ധപ്പെടാം. 100, 101 നമ്പറുകളിലും കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നവമ്പറിലും ബന്ധപ്പെട്ടാല്‍ സഹായം എത്തിക്കുമെന്ന് കലക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു.

കൊറോണ കരുതല്‍ കൂടുതല്‍ ആവശ്യമുള്ള 65 വയസിനു മുകളിലുള്ളവര്‍ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നതെന്ന് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന് കലക്ടര്‍ വ്യക്തമാക്കി. സാധനങ്ങള്‍ വാങ്ങാനും ബാങ്കുകളിലേക്ക് പോകാനും മാസ്‌കുകളും മറ്റ് മുന്‍ കരുതലുകളില്ലാതെയും മുതിര്‍ന്ന പൗരന്മാര്‍ സമീപ ദിവസങ്ങളില്‍ വ്യാപകമായി പുറത്തിറങ്ങിയിരുന്നു.