ന്യൂഡെല്‍ഹി: രാജ്യത്ത് പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും അര ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ അര ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചരുടെ എണ്ണം 3,01,83,143 ആയി. ഇതില്‍ 2,91,93,085 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,95,565 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഏപ്രില്‍ ഒന്നിന് ശേഷം സജീവ കേസുകളുടെ എണ്ണം ആറ് ലക്ഷത്തില്‍ താഴെയെത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞദിവസം 64,818 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങി എന്നതും ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ 3,94,493 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61.19 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
അതേസമയം 11 സംസ്ഥാനങ്ങളിലായി 48 പേര്‍ക്ക് കൊറോണ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.