യുഎസ്: അമേരിക്കയിൽ ആദ്യമായിട്ട് വളർത്തുമൃഗങ്ങളിൽ കൊറോണ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലുള്ള പൂച്ചകൾക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. പൂച്ചകളിലൊന്നിന്റെ ഉടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
അതേ സമയം രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവർക്കോ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രോഗബാധയുള്ള വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിലൂടെ ആയിരിക്കാം വൈറസ് പൂച്ചയിലേക്ക് പകർന്നതെന്നാണ് നിഗമനം. മൃഗങ്ങളിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് അമേരിക്കയിലെ ഉദ്യോഗസ്ഥർ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് വളർത്തുമൃഗങ്ങളായ പട്ടികളെയും പൂച്ചകളെയും സമ്പർക്കത്തിൽ നിന്ന് മാറ്റി നിർത്താൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്.