ന്യൂഡെല്‍ഹി: വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പറും രേഖപ്പെടുത്താനുള്ള പുതിയ സംവിധാനം നിലവില്‍ വന്നു. വാക്സിന് പോര്‍ട്ടലായ കോവിനില്‍ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാസ്പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കാന്‍ കഴിയുന്നതോടെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇത് കൂടുതല്‍ ഗുണകരമാകും.
വിദേശ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് വാക്സിനേഷന് നിര്‍ബന്ധമാക്കിയിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. മടങ്ങിചെല്ലുന്ന പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിനായി വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് മതിയെന്നിരിക്കെ രേഖയുടെ ആധികാരികത ഉറപ്പുവരുത്താന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ഇത് സുഗമമാക്കാനാണ് വാക്സിന് രജിസ്ട്രേഷനായി ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനം ഒരുക്കിയത്. ഇത് വഴി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിനെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കാം. സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പറും രേഖപ്പെടുത്താം. ഈ മാസമാദ്യാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
വിദേശത്തേയ്ക്ക് പോകുന്നവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. വിദ്യാഭ്യാസം, ജോലി, ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നവരോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ഇത് സുഗമമാക്കാനാണ് കോവിന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയത്.