വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ് : പിടിയിലായവരെ ജുവനൈൽ ഹോമിലാക്കി

പത്തനംതിട്ട: കൈപ്പട്ടൂരിലെ സ്കൂൾ വിദ്യാർഥി അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ എസ്. അഖിലിനെ (16) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രണ്ടു കുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് മണ്ണ് മാന്തി മൃതദേഹം പുറത്തെടുത്ത പൊലീസ് നടപടി വിവാദത്തിലായി. ഇത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അനുവദിച്ചത് പൊലീസിന് പറ്റിയ വീഴ്ചയായി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു.

മഴു ഉപയോഗിച്ച് കഴുത്തിന് ഇരു വശത്തും വെട്ടിയാണ് അഖിലിനെ കൊലപ്പെടുത്തിയത്. പൊലീസ്, ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വെട്ടാൻ ഉപയോഗിച്ച മഴുവും എറിഞ്ഞ കല്ലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ചാണ് മഴു കൊണ്ട് കഴുത്തിന് വെട്ടിയതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. റോളർ സ്കേറ്റിങ് ഷൂ കൊടുത്തപ്പോൾ അതിന്റെ ഒരു ചക്രം ഇളകി പോയതിന് പകരം മൊബൈൽ നൽകാമെന്ന വാക്ക് അഖിൽ പാലിക്കാത്തതിലുണ്ടായ പ്രതികാരം ആണ് കൊലയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. കുട്ടികൾ സ്ഥിരമായി ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നുവോ എന്ന സംശയവും ഉണ്ട്.