ലഖ്‌നൗ: തോട്ടത്തിൽനിന്ന് ഞാവൽപഴം പറിച്ചെന്ന് ആരോപിച്ച് ദലിത് ബാലൻമാരെ തോട്ടം ഉടമ മരത്തിൽ ബന്ധിച്ച് മണിക്കൂറുകളോളം തല്ലിച്ചതച്ച് അവശനിലയിലാക്കി. ഉത്തർപ്രദേശിലെ ഗെഹുവ ഗ്രാമത്തിലാണ് ക്രൂരമർദ്ദനം അരങ്ങേറിയത്. 10, 11 വയസ് പ്രായമുള്ള പവൻ, ധീരജ് ദലിത് ബാലൻമാരാണ് സവർണ വിഭാഗത്തിൽപ്പെട്ട തോട്ട ഉടമയുടെ ക്രൂരതയ്ക്കിരയായത്.
കുട്ടികളെ കാണാതായതിനെതുടർന്ന് അവരുടെ അമ്മമാർ അന്വേഷിച്ചെത്തിയപ്പോൾ, മരത്തിൽ ബന്ധിച്ച നിലയിൽ അബോധാവസ്ഥയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. അക്രമം സംബന്ധിച്ച് മുഹമ്മദി പോലീസ് സ്‌റ്റേഷനിൽ നേരിട്ട് പരാതി നൽകിയെങ്കിലും ബുധനാഴ്ച കുട്ടികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലിസ് തയ്യാറായത്.
പ്രധാന പ്രതി കൈലാഷ് വർമയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രതിക്കെതിരേ ഐപിസി വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലിസ് പറഞ്ഞു.
സ്വകാര്യ സ്‌കൂൾ ക്യാമ്പസിലെ മരത്തിൽനിന്ന് ഞാവൽപഴം പറിച്ച് കഴിക്കുന്നതിനിടെ 25കാരനായ സ്‌കൂൾ ഉടമ കൈലാഷ് അവരെ പിടികൂടുകയായിരുന്നുവെന്ന് കുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ കരഞ്ഞ് ബഹളംവയ്ക്കുകയും കരുണയ്ക്കായി ആവർത്തിച്ച് യാചിക്കുകയും ചെയ്തപ്പോൾ കൈലാഷ് കുട്ടികളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായിമർദ്ദിക്കുകയായിരുന്നു.
സ്‌കൂളിൽ വെള്ളം കുടിക്കാൻ പോയ ചില കുട്ടികളാണ് കൈലാഷ് ആൺകുട്ടികളെ മർദ്ദിക്കുന്നത് കണ്ടത്. അവർ ഉടൻ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നുവെന്ന് മർദ്ദനമേറ്റ പവന്റെ അമ്മ സരിതാ ദേവി പറഞ്ഞു.
സരിതയും ധീരജിന്റെ അമ്മയും സ്ഥലത്തെത്തിയപ്പോൾ കൈലാഷ് മദ്യപിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. പിന്നാലെയാണ് കുട്ടികളെ അബോധാവസ്ഥയിൽ മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. പരാതി പിൻവലിക്കാൻ കൈലാഷിന്റെ കുടുംബം തങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു.