ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ മൂന്നാം തരംഗത്തിന്റെ ആശങ്ക വര്‍ദ്ധിച്ചിരിക്കെ ഡെല്‍റ്റ പ്ലസ് വകഭേദം ഇതിന് കാരണമാകുമെന്നതിന് തെളിവില്ലെന്ന് ജനിതക ശ്രേണികരണ രംഗത്തെ വിദഗദ്ധൻ ഡോ അനുരാഗ് അഗര്‍വാള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ആവിര്‍ഭാവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റര്‍ ഗ്രേറ്റീവ് ബയോളജിയില്‍ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡോ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
കൊറോണ ഡെല്‍റ്റ പ്ലസ് വകഭേദം ഏറ്റവും കൂടുതല്‍ രോഗികളെ ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ നിന്നും ഏപ്രില്‍, മെയ് മാസങ്ങളില്‍ ശേഖരിച്ച 3500 സാമ്പിളുകള്‍ ജൂണില്‍ പഠന വിധേയമാക്കിയയെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാമിപ്യം കണ്ടെത്തിയിരുന്നുവെങ്കിലും ഇത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മേഖലകളില്‍ പോലും കൊറോണ ഡെല്‍റ്റ പ്ലസിന്റെ വ്യാപന തോത് കുറവായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഡെല്‍റ്റ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലടക്കം കൊറോണയുടെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. അതിന് മുന്‍പ് നമ്മള്‍ മൂന്നാം തരംഗത്തില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റയെക്കാള്‍ അപകടകരമാണ് ഇതില്‍ നിന്നും ജനിതകമാറ്റം വന്ന ഡെല്‍റ്റ പ്ലസ്.
എന്നിരുന്നാലും ഒരു വലിയ മൂന്നാം തരംഗം ഡെല്‍റ്റാ പ്ലസ് സൃഷ്ടിക്കുമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതിനാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡോ. അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന ഐജിഐബി.
ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഉത്കണ്ഠയുടെ വകഭേദം’ എന്ന് ടാഗുചെയ്ത പുതിയ ഡെല്‍റ്റ പ്ലസ് ബാധിച്ച 40 ലധികം കേസുകള്‍ ഇതുവരെ രാജ്യത്തുടനീളം കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നിവയ്ക്ക് ഡെല്‍റ്റ പ്ലസ് സാന്നിധ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് .