കണ്ണൂരിൽ കർശന നിയന്ത്രണം: മരുന്നുകള്‍ ഒഴികെയുള്ള സാധനങ്ങളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം

കണ്ണൂർ : കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിലെ മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ കണ്ണൂർ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആളുകള്‍ പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

ജില്ല ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ഹോം ഡെലിവറി ചെയ്യുന്നവർക്ക് പ്രവർത്തനം അനുവദിക്കൂ. ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും കളക്ടർ പറഞ്ഞു.

ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ ഇനി മുതൽ വീട്ടുപടിക്കൽ എത്തും.
ജില്ലാ പഞ്ചായത്തില്‍ പുതുതായി ആരംഭിച്ച കോള്‍ സെന്ററിയിലൂടെ പൊതുജനങ്ങൾക്ക് ഹോം ഡെലിവറി സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും.

കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും