തിരുവനന്തപുരം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ (89)അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.
ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു. ഫോട്ടോ ജേർണലിസം, സിനിമ, നാടകം,ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായിരുന്നു. മൂന്നു തവണ അദ്ദേഹത്തിന് ദേശിയ പുരസ്കാരം നേടിയിട്ടുണ്ട്. 1959 ലാണ് തിരുവനന്തപുരത്തെ സ്റ്റാറ്റ്യൂവിൽ ശിവൻസ് സ്റ്റുഡിയോ തുടങ്ങിയത്.
തൊഴിലിനോടുള്ള പ്രതിബദ്ധത ശിവൻ്റെ ഓരോ ഫ്രെയിമിനെയും വ്യത്യസ്തമാക്കിയിരുന്നു.ഐക്യ കേരളത്തിൻ്റെ ചരിത്രം തിരയുന്നവർ തിരുവനന്തപുരത്തെ ശിവൻസിൽ എത്താതിരിക്കില്ല. അതികായന്മാരുടെ , ചരിത്ര സംഭവങ്ങളുടെ വാങ്മയ ചിത്രങ്ങൾ എത്രയോ . ചെമ്മീൻ്റെ സ്റ്റിൽ കൂടാതെ ചലച്ചിത്രങ്ങൾ. യാഗം, കേശു, സ്വപ്നം, അഭയം, കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ എല്ലാം ഒരുക്കിയ പ്രതിഭയായിരുന്നു ശിവൻ.
ശിവൻസ് സ്റ്റുഡിയോയുടെ തായ് വേര് ഹരിപ്പാട്ടായിരുന്നു. ഹരിപ്പാട് പടീറ്റതിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ ഭവാനി അമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണ് ശിവശങ്കരൻ നായർ. മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.