എസ്ബിഐയുടെ 19 എടിഎമ്മുകളില്‍ നിന്ന് മോഷ്ടാക്കള്‍ 48 ലക്ഷം കവര്‍ന്നു

ചെന്നൈ : തമിഴ്‌നാട്ടില്‍ എസ്ബിഐയുടെ 19 എടിഎമ്മുകളില്‍ വ്യാപക കവർച്ച. ഇവിടങ്ങളിൽ നിന്നായി 48 ലക്ഷം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ഇതിലേറെയും ചെന്നൈ നഗരത്തിലെയാണ്. ഇന്നുപുലര്‍ച്ചെ നാല് എടിഎമ്മുകളില്‍ നിന്നായി എട്ടുലക്ഷം രൂപ കവര്‍ന്നു. ഇതേത്തുടര്‍ന്ന് എസ്ബിഐ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

എടിഎമ്മുകളിലെ സിഡിഎം മെഷീനുകളിലെ സെന്‍സറുകളില്‍ കൃത്രിമം നടത്തി കേടാക്കിയാണ് സംഘം പണം തട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ സംശയം. തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ നിന്നും ( സിഡിഎം) പണം പിന്‍വലിക്കാവുന്ന രീതി എസ്ബിഐ രാജ്യവ്യാപകമായി മരവിപ്പിച്ചിരിക്കുകയാണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് സിഡിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത് നിരോധിച്ചതെന്നും എസ്ബിഐ ചെന്നൈ റീജിയണല്‍ ജനറല്‍ മാനേജര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ചെന്നൈയിലെ വടപളനി, വേളാച്ചേരി, താരാമണി, വിരുഗംപാക്കം, രാമപുരം തുടങ്ങി നിരവധി പ്രദേശത്തെ എടിഎമ്മുകളില്‍ നിന്നും പണം പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ചകളെല്ലാം സമാനരീതിയിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. കേസ് അന്വേഷണത്തിന് അഡീഷണല്‍ കമ്മീഷണര്‍ എന്‍ കണ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ പറഞ്ഞു.