ബാങ്ക് വായ്പ തട്ടിപ്പ് ; രാജ്യം വിട്ട വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി; സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് ബാങ്ക് വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട മൂന്ന് വ്യവസായികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ ആസ്തികളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

കണ്ടുകെട്ടിയ സ്വത്തിന്റെ ഒരു ഭാഗം ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ വകയിരുത്തി കൈമാറി. 9371 കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. 18,170 കോടി രൂപയുടെ ആസ്തിയില്‍ 969 കോടി രൂപയുടെ സ്വത്തുവകകള്‍ വിദേശരാജ്യങ്ങളിലുണ്ട്. കണ്ടുകെട്ടിയതും പിടിച്ചെടുത്തതുമായ ആസ്തികളുടെ അളവ് മൊത്തം ബാങ്ക് നഷ്ടത്തിന്റെ 80.45% വരും.

അതേസമയം സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിച്ചോടിയവരെയും സാമ്പത്തിക കുറ്റവാളികളെയും സജീവമായി പിന്തുടരുമെന്നും കുടിശ്ശിക ഈടാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യത്ത് നിന്നും മുങ്ങിയ വിവാദ വ്യവസായികളാണ് മൂവരും. വായ്പ തട്ടിപ്പ് നടത്തി ഈ വ്യവസായികള്‍ രാജ്യം വിട്ടതോടെ 22,585.83 കോടി രൂപയുടെ നഷ്ടം ബാങ്കുകള്‍ക്ക് ഉണ്ടായതായാണ് കണക്കാക്കുന്നത്.