താൻ പോലും അറിയാതെ കോടീശ്വരിയായ സ്ത്രീ; ഇപ്പോൾ യഥാർത്ഥ ഉടമയെ തേടുകയാണ് പണം തിരികെ നൽകാൻ

ഫ്‌ളോറിഡ: താന്‍ പോലും അറിയാതെ കോടീശ്വരിയായി മാറിയ സ്ത്രീ. തൻ്റെ അക്കൗണ്ടിൽ പ്രതീക്ഷിക്കാതെ എത്തിയ പണം കണ്ട് സന്തോഷിക്കുന്നതിന് പകരം പണത്തിന്റെ വലുപ്പം കണ്ട് ആധി പിടിച്ച അവസ്ഥയിലാണ്.

അക്കൗണ്ടിൽ ഉണ്ടായിരുന്നത് 20 ഡോളർ, ഏകദേശം 1480 രൂപ. എന്നാൽ എടിഎം പരിശോധിച്ചപ്പോഴാണ് ടാംപയിലെ ലാര്‍ഗോയില്‍ നിന്നുള്ള ജൂലിയ യോന്‍കോവ്‌സ്‌കി ഞെട്ടിക്കുന്ന വിവരം അറിയുന്നത്. ബാങ്കിന് അബദ്ധം സംഭവിച്ചപ്പോള്‍ അക്കൗണ്ടില്‍ എത്തിയത് 999,985,855.94 ഡോളര്‍, ഏകദേശം 7435 കോടിയോളം രൂപ!

ഇപ്പോള്‍ പണത്തിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് പണം തിരികെ നല്‍കാനുള്ള അന്വേഷണത്തിലാണ് ജൂലിയ. ഈ നിക്ഷേപത്തോടെ അമേരിക്കയിലെ 615ാമത് ധനികയായി ഇവര്‍ മാറുകയും ചെയ്തു.

എന്നാല്‍ പണം കണ്ട് കണ്ണ് മഞ്ഞളിക്കാന്‍ ഇവര്‍ തയ്യാറല്ല. യഥാര്‍ത്ഥ ഉടമയ്ക്ക് പണം നല്‍കാനാണ് ഇവരുടെ തീരുമാനം. പക്ഷെ ചേസ് ബാങ്കില്‍ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

‘ഞാന്‍ ഭയന്ന് പോയി. വല്ല ലോട്ടറിയും അടിച്ചതാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുമായിരിക്കും, പക്ഷെ ഞാന്‍ പേടിച്ച്‌ പോയി. 20 ഡോളര്‍ പിന്‍വലിക്കാനാണ് എടിഎമ്മില്‍ കയറിയത്’, ജൂലിയ പറഞ്ഞു. ഇത് കിട്ടാതെ വന്നതോടെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് താന്‍ കോടീശ്വരിയായി മാറിയെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്!