കൊല്ലം: നാടിനെ നടുക്കിയ പിഞ്ചു കുഞ്ഞിൻ്റെ അതിദാരുണ അന്ത്യത്തിൽ യുവതി അറസ്റ്റിൽ. പിഞ്ചു കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച യുവതിയാണ് അറസ്റ്റിലായത്. പരവൂർ ഊഴായിക്കോട്ട് അഞ്ചുമാസം മുമ്പ് നടന്ന സംഭവമാണ് ഇതോടെ തെളിഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി പുരയിട ഉടമ സുദർശൻ പിള്ള പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സുദർശൻ പിള്ളയുടെ മകൾ രേഷ്മ (22) അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു.
ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞത്. പ്രസവിച്ചയുടൻ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.
2021 ജനുവരി 5നായിരുന്നു സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞ്.പൊലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂന്നു കിലോ തൂക്കമുള്ള ആൺകുഞ്ഞിൻ്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് പാരിപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. എന്നാൽ ഒരു രാത്രി മുഴുവൻ മഞ്ഞേറ്റ് മണ്ണിൽ കിടന്നത് കുഞ്ഞിൻ്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. അണുബാധയുണ്ടായതും സ്ഥിതി സങ്കീർണമാക്കി. തുടർന്നായിരുന്നു മരണം.
മേഖലയിലെ ആശുപത്രികളിലത്രയും പൊലീസ് പരിശോധന നടത്തി. സംശയമുളള മുന്നൂറിലേറെ പേരില്‍ നിന്ന് മൊഴിയെടുത്തു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട രാത്രി മുഴുവന്‍ മേഖലയില്‍ ഉണ്ടായ ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ സംഭാഷണ രേഖകളും പരിശോധിച്ചു. പക്ഷേ പിഞ്ചുകുഞ്ഞിനോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയവരെ കുറിച്ച് തരിമ്പു പോലും സൂചന കിട്ടിയില്ല.
ശാസ്ത്രീയ അന്വേഷണത്തിന്‍റെ സാധ്യതകള്‍ പലതും പരീക്ഷിച്ചിട്ടും ക്രൂരത കാട്ടിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല എന്നത് വലിയ ചർച്ചയായിരുന്നു. ഉറ്റവരെത്തുമെന്ന് കരുതി പിഞ്ചു മൃതശരീരം ദിവസങ്ങളോളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക ടീം എട്ട് ചെറുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ഇതോടെയാണ് കേരള മനസാക്ഷിയെ നടുക്കിയ സംഭവത്തിൻ്റെ വേദനാജനകമായ ചിത്രം പുറത്തുവന്നത്.