പ്രായപൂര്‍ത്തിയാകാത്ത പ്രതികളെക്കൊണ്ട് മൃതദേഹമെടുപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട കൊലപാതകത്തിൽ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് പോലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അഖില്‍ എന്ന 16 വയസുകാരനെ സഹപാഠികൾ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പോലീസ് മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതാണ് കമ്മീഷനെ ചൊടിപ്പിച്ചത്.

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷന്‍ ചോദിച്ചു. പ്രതികൾ മൃതദേഹം എടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തത്.

അതേസമയം മരിച്ച അഖിലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ആ​ഴത്തിലേറ്റ മുറിവാണ്​ മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. തലയിലും കഴുത്തിലും ആയുധം ഉപയോഗിച്ച്‌​ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ട്​. മൂന്ന്​ വീതം മുറിവുകളാണ്​ ഇവിടെയുള്ളത്​.