കോട്ടയം: പ്രധാനമന്ത്രിയുടെ മന് കീ ബാത്തിലൂടെ പ്രശസ്തനായ കുമരകത്തെ രാജപ്പന് ധനസഹായമായി ലഭിച്ച പണം ബന്ധുക്കൾ അപഹരിച്ച കേസ് ഒത്തുതീർപ്പിലേക്ക്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച പണം തിരികെ നല്‍കാമെന്നു സഹോദരി വിലാസിനിയുടെ പ്രതിനിധികള്‍ പോലീസിനെ അറിയിച്ചു. പണം തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്ന് രാജപ്പന് പോലീസിനെയും അറിയിച്ചിട്ടുണ്ട്.
വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പനെ പ്രധാനമന്ത്രി പ്രശംസിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരവധി പേര് പണം അയച്ചത്. ഇങ്ങനെ സഹായമായി ലഭിച്ച പണം സഹോദരി തട്ടിയെടുത്തെന്നായിരുന്നു രാജപ്പന്റെ പരാതി. താന്‍ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് രാജപ്പൻ കോട്ടയം എസ്പിക്ക് നല്കിയ പരാതിയില്‍ ആരോപിച്ചത്.
അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച 5.08 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ വകയില്‍ ചിലവായ 20,000 രൂപയും അടക്കം 5.28 ലക്ഷം രൂപ തിരികെ നല്‍കാമെന്നാണ് സഹോദരി ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജപ്പന് പരാതി നല്‍കിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവിലാണ്.
ഇവരുടെ സുഹൃത്തുക്കളാണ് പോലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്. ബുധനാഴ്ച പണം കൈമാറുന്നതോടെ കേസ് ഒത്തുതീര്‍പ്പാകുമെന്ന് കോട്ടയം ഡിവൈഎസ്പി എം.അനില്‍കുമാര്‍ വ്യക്തമാക്കി.
തിരിച്ചടയ്ക്കുന്ന പണം രാജപ്പന്റെ മാത്രം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നു പോലീസ് പറഞ്ഞു. നേരത്തേ രാജപ്പന്റെയും സഹോദരിയുടെയും ജോയിന്റ് അക്കൗണ്ടിലാണു പണം നിക്ഷേപിച്ചത്.