കൊച്ചി: ലോക് ഡൗണിൽ ഇളവുകൾ വന്നതോടെ ഉള്ള ബസുകളിൽ ഇടിച്ചു കയറി പൊതു ജനം. ഒറ്റ, ഇരട്ട അക്ക പരിഷ്ക്കാരം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഓടാൻ മടിക്കുന്നതോടെ ബസുകളിൽ തിരക്കേറെയാണ്. മാസ്ക് ഉണ്ടെന്നത് ഒഴിച്ചാൽ തിങ്ങി ഞെരുങ്ങിയാണ് യാത്ര. സാമൂഹ്യ അകലം പറച്ചിൽ മാത്രം.
വ്യാഴാഴ്ച മുതലാണ് ഭാഗികമായി പൊതുഗതാഗതം പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിറക്കിയത്.
1600 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലകളിൽ 500 മുതൽ 800 വരെ ബസുകൾക്ക് നിരത്തിലിറങ്ങാം. എന്നാൽ പത്തു ശതമാനത്തിൽ താഴെ ബസുകൾ മാത്രമാണ് നിരത്തിലറങ്ങാൻ തയ്യാറായത്.
സർക്കാർ നിർദേശപ്രകാരം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറും ചൊവ്വ, വ്യാഴം ദിവസങ്ങിൽ ഒറ്റ അക്ക നമ്പറുള്ള നമ്പറുള്ള ബസുകളുമാണ് സർവീസ് നടത്തേണ്ടത്. ഈ മാനദണ്ഡപ്രകാരം യാത്രക്കാരുടെ കുറവും ഇന്ധനവിലയിലുണ്ടായ വർധനയുമാണ് സ്വകാര്യ ബസ് വ്യവസായ മേഖലയെ പിന്നോട്ട് വലിക്കുന്നത്. എന്നാൽ അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുള്ള സ്വകാര്യ ബസ് സര്‍വിസ് എന്ന ആശയം പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്നോ നാളെയോ തീരുമാനം ഉണ്ടായേക്കും.
നഷ്ടം സഹിച്ചു സർവീസ് നടത്താൻ കഴിയില്ലെന്നാണു ബസ് ഉടമ സംഘടനാ പ്രതിനിധികൾ അറിയിച്ചത്. ഒന്നര മാസമായി നിർത്തിയിട്ടിരിക്കുന്ന ബസുകളുടെ അറ്റകുറ്റപ്പണികൾക്കു മാത്രം 30,000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവു വരുമെന്ന് ഉടമകൾ പറയുന്നു. കൊറോണ പ്രതിസന്ധി കഴിയുംവരെ വാഹന നികുതി ഒഴിവാക്കുക, ഇന്ധന വിലയ്ക്കു സബ്സിഡി നൽകുക, ബസ് നിരക്ക് ഉയർത്തുക, ക്ഷേമനിധിയിൽ ഇളവ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണു ബസ് ഉടമകൾ ഉന്നയിക്കുന്നത്.
അതേസമയം നാളെ മുതൽ കൂടുതൽ സ്വകാര്യ ബസുകൾ സർവിസിനിറക്കാൻ ഉടമകൾ ലോചിചിക്കുകയാണ്. ഇതിനായി സർക്കാറിൻ്റെ അനുമതി തേടി. യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണിത്. കെഎസ്ആർടിസി ബസുകളിലും യാത്രക്കാർ കൂടുതലാണ്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവിസ് നടത്താൻ കെ.എസ്.ആർടിസി യൂണിറ്റ് ഓഫിസർമാർക്ക് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദീർഘദൂര സർവിസുകളും ആരംഭിക്കും
അതിനിടെ ബസ് ചാർജ് വർധന നടപ്പാക്കാൻ കഴിയില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തി അറിയിച്ചു. കൂടുതൽ ബസുകൾ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്സിഡി നല്‍കിയില്ലെങ്കില്‍ ചാര്‍ജ് കൂട്ടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെയും ഗതാഗത-, ധനമന്ത്രിമാരെയും കാണാനുള്ള നീക്കത്തിലാണ് ഉടമകളുടെ സംഘടനകൾ.