ട്രാക്ടറുമായി തയ്യാറായിരിക്കു ; കർഷകരോട് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനം

ന്യൂഡെൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ ട്രാക്ടറുമായി തയ്യാറായിരിക്കാൻ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് കർഷകരോട് ആഹ്വാനം ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. സമരങ്ങൾ ശക്തമാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാർഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു.

കേന്ദ്ര സർക്കാർ കർഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവസാനിപ്പിക്കണം. കാർഷിക നിയമം പിൻവലിക്കാതെ പ്രതിഷേധക്കാർ മടങ്ങിപ്പോകില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി. ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച്‌ നിൽക്കാം. ഒന്നുകിൽ ജനതയോ അല്ലെങ്കിൽ സർക്കാരോ മാത്രമേ ഇക്കാര്യത്തിൽ അവശേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കേസുകൾ കൊണ്ട് കർഷക ശബ്ദം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ടിക്കായത്ത് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കർഷക സമര വേദി ഒറ്റപ്പെട്ട സംഘർഷങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. കർഷകരാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് പോലിസ് ആരോപിക്കുന്നു. എന്നാൽ, സമാധാനപരമായി സമരം നടത്തിയിട്ടും പോലിസ് ഞങ്ങളെ പിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി.

അതേസമയം, ഹരിയാനയിൽ ബിജെപി-ജെജെപി നേതാക്കൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ശക്തമായ പ്രതിഷേധവുമായി കർഷകർ മുന്നോട്ട് വരുന്നുണ്ട്. കാർഷിക നിയമം പിൻവലിക്കാതെ ഇവരെ ഒരു പരിപാടിയിലും ഇവരെ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് കർഷക നിലപാട്.

സിംഘു അതിർത്തിയിൽ കർഷകർ തങ്ങളുടെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസർമാരെ മർദിച്ചെന്ന് ഡെൽഹിപോലിസ് ആരോപിച്ചു. സംഭവത്തിൽ നരേല പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാരും പോലിസും ചേർന്ന് കർഷരെ അക്രമത്തിലേക്ക് തള്ളിവിടാൻ കള്ളക്കഥകൾ മെനയുകയാണ് എന്ന് രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി.