ബെയ്ജിംഗ്: ലോകം മുഴുവനും സംഹാരതാണ്ഡവമാടുന്ന കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരത്തിൽ ആരോഗ്യ പ്രവർത്തകരുടേതുൾപ്പടെയുള്ള മുന്നറിയിപ്പുകൾക്ക് പുല്ലുവില കല്പിച്ചുകൊണ്ട് ഡോഗ് മീറ്റ് ഫെസ്റ്റിവൽ പൊടിപൊടിക്കുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഏറ്റവും കുറഞ്ഞത് അയ്യായിരം നായ്ക്കളെ കശാപ്പുചെയ്ത് ഭക്ഷണമാക്കുമെന്നാണ് സംഘാടകർ പറയുന്നത്. പലകോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നെങ്കിലും ഫെസ്റ്റിവൽ തടയാനുള്ള ഒരു നടപടിയും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ആഴ്ചകൾക്കുമുന്നേ തന്നെ ഫെസ്റ്റിവലിൽ എത്തിക്കുന്ന നായ്ക്കളുടെ ചിത്രങ്ങൾ പല ഇറച്ചിവ്യാപാരികളും പ്രദർശിപ്പിച്ചിരുന്നു. ചിലർ ഒരുപടികൂടി കടന്ന് കൊലപ്പെടുത്തി ഇറച്ചിയാക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻപോലും അധികൃതർ തയ്യാറായില്ല. യൂലിൻ നഗരത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് നഗരമായ വുഹാനിലെ മാംസ മാർക്കറ്റിൽ നിന്നാണെന്നതിനാൽ രാജ്യത്തെ പല നഗരങ്ങളിലും നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും മാംസം വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും പ്രാദേശിക ഭരണകൂടങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ഇത് ലോകത്തിന്റെ കണ്ണിൽ പാെടിയിടാനുള്ള വെറും അടവുമാത്രമാണെന്നാണ് ഡോഗ് മീറ്റ് ഫെസ്റ്റിവലിന് അനുമതി നൽകിയതിലൂടെ വ്യക്തമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2020 ഫെബ്രുവരി അവസാനത്തിൽ, ചൈന എല്ലാ വന്യമൃഗങ്ങളുടെയും കച്ചവടത്തിനും ഉപഭോഗത്തിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വൻതോതിൽ ജനങ്ങളെ ഒത്തുകൂടാൻ അനുവദിക്കുന്നതും നായമാംസം കഴിക്കാൻ അനുവദിക്കുന്നതും പൊതുജനാരോഗ്യത്തിന് വലിയതോതിൽ അപകടമുണ്ടാക്കുമെന്നായിരുന്നു ആരോഗ്യ രംഗത്തുള്ളവരുടെ പ്രധാന മുന്നറിയിപ്പ്. വൃത്തിഹീനമായ സാഹചര്യത്തിൽ വളരുന്ന നായ്ക്കളെപ്പോലും ഫെസ്റ്റിവലിന് എത്തിക്കുന്നുണ്ടെന്ന് ചിലർ തെളിവുസഹിതം ചൂണ്ടിക്കാട്ടി.
മൃഗസ്നേഹികൾ ഉൾപ്പടെയുള്ളവർ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ ഇടപെടലിലൂടെ ഫെസ്റ്റിവലിന് ഇറച്ചിയാക്കാനെത്തിച്ച നിരവധി നായ്ക്കളെയും പൂച്ചകളെയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ രക്ഷപ്പെടുത്തിയവയെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് എന്ത് ശിക്ഷണനടപടികൾ ഉണ്ടായാലും പിന്നോട്ടില്ലെന്നാണ് മൃഗസ്നേഹികളുടെ തീരുമാനം.