ഹരിത ഇന്ധനത്തിലേക്ക് കേരളത്തിൻ്റെ ചുവടുമാറ്റം; കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസിന് തുടക്കം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആരംഭിച്ച ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസിന് തുടക്കമായി. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ബസ് സര്‍വ്വീസ്. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നുമുള്ള ആദ്യ സര്‍വ്വീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു.

ലോകമെമ്പാടും ഹരിത ഇന്ധനത്തിലേക്ക് ചുവടു മാറ്റം വ്യാപകമാവുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാറ്റം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍ എന്‍ ജി യിലേക്കും സി എന്‍ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജിയുടെ രണ്ട് ബസുകളാണ് നിലവില്‍ മൂന്ന് മാസത്തേക്ക് കെഎസ്ആര്‍ടിസിക്ക് വിട്ടു നല്‍കിയിരിക്കുന്നത്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്‍എന്‍ജി സര്‍വ്വീസ് ലാഭകരമായാല്‍ കൂടുതല്‍ ബസുകള്‍ ഈ രീതിയിലേക്ക് മാറ്റും.