ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിനോദസഞ്ചാരം; 18 ബൈക്കുകൾ പിടികൂടി; യുവാക്കളെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിനോദസഞ്ചാരത്തിന് ഇറങ്ങിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പോലീസ്. കുട്ടിപ്പാറ അമരാട് മലയിലാണ് കൂട്ടമായി യുവാക്കളുടെ സഞ്ചാരം. യുവാക്കളെ പിടികൂടിയ പോലീസ് ഇവര്‍ വന്ന 18 ബൈക്കുകളും കസ്റ്റഡിയിലെടുത്തു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ താമരശ്ശേരി പൊലീസ് ആണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടി എടുത്തത്.
പിടികൂടിയ കുറച്ച് ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് സ്റ്റേഷനിൽ എത്തിച്ചത്.

ഉടമകൾക്കെതിരെ ലോക്ക്ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി, വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് കൂടുതലും.