കൊല്‍ക്കത്ത: കാടും മലയും കയറി ഇറങ്ങി ഐഎഎസിന്റെ പകിട്ടോ പദവിയോ നോക്കാതെ ഇന്റര്‍നെറ്റോ സൗകര്യങ്ങളോ ഇല്ലാത്ത വിദൂര ഗ്രാമങ്ങളില്‍ കൊറണോ വാക്സിന് എത്തിച്ച് ഇതാ ഒരു കളക്ടര്‍. തികച്ചും സാധാരണക്കാരനായി സഹജീവികളുടെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പേരാണ് സുരേന്ദ്രകുമാര്‍ മീന. വടക്കന്‍ ബംഗാളിലെ ഇന്തോ- ഭൂട്ടാന് അതിര്‍ത്തി പ്രദേശമായ അലിപൂര്ദുവറിലെ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയാണ് ഇദ്ദേഹം.
വടക്കന്‍ ബംഗാളിലെ നിരവധി ഗ്രാമങ്ങളിലാണ് ഇദ്ദേഹം വാക്സിനേഷന് ഡ്രൈവുമായി എത്തിയത്. ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തിക്കടുത്തുള്ള ബുക്സ കുന്നുകളിലെ വിദൂരഗ്രാമമായ അദ്മയില് എത്താന്‍ തന്റെ ടീമിനൊപ്പം 18 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചതായി സുരേന്ദ്ര കുമാര്‍ മീന പറയുന്നു. അദ്മയായിരുന്നു അവരുടെ അവസാന സ്റ്റോപ്പ്.
ജില്ലയിലെ ഏറ്റവും വിദൂര ഗ്രാമമാണ് അദ്മ. അടുത്തുള്ള ഗ്രാമങ്ങളായ പോഖാരി, ടോറിബാരി, ഷെഗാവ്, ഫുള്ബതി എന്നിവിടങ്ങളില്‍ നിന്ന് 16-18 കിലോമീറ്റര്‍ ഉണ്ട് അദ്മയിലേക്ക്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം
കൊറോണ വാക്സിനേഷന് അടങ്ങിയ കോള്‍ഡ് ബോക്സുകളുമായി ഞങ്ങള്‍ ഇത്രയും ദൂരം നടന്ന് എത്തുക തന്നെ ചെയ്തു. അദ്ദേഹം പറയുന്നു.
അദ്മയക്ക് മുന്നേ പോഖാരി, ടോറിബാരി, ഷെഗാവ്, ഫുള്ബതി ഗ്രാമങ്ങളിലും വാക്സിനേഷന് നല്കി. ഗ്രാമ വാസികളെ വാക്സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു ഗ്രാമങ്ങളില്‍ എത്തുക എന്നതിലും ശ്രമകരമായ ദൗത്യമെന്നും സുരേന്ദ്ര കുമാര്‍ മീന പറഞ്ഞു.
ഗ്രാമങ്ങളിലെ മിക്ക വീടുകളും സന്ദര്‍ശിക്കുകയും കൊറോണ വൈറസ് സംബന്ധിച്ചും വാക്സിനേഷനെക്കുറിച്ചും ജനങ്ങളെ അവബോധരാക്കുവാന് കഴിയുന്നതെല്ലാം ചെയ്തു. അവരുടെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി. ഒടുവില്‍ തങ്ങളുടെ ശ്രമം ഭൂരിഭാഗവും വിജയിച്ചതായും ദിവസാവസാനത്തോടെ കുത്തിവയ്പ് നല്‍കുകയും ചെയ്തു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സിനേഷന് നല്‍കിയത് കൂടാതെ ഗ്രാമവാസികള്‍ക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്താണ് സുരേന്ദ്ര കുമാര്‍ മീനയും അദ്ദേഹത്തിന്റെ ടീമും ഈ ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയത്.
ഫോറസ്റ്റ് സര്‍വ്വീസിലെ ഉദ്യോഗസ്ഥനും സുരേന്ദ്ര കുമാര്‍ മീനയുടെ സംഘത്തിലെ അംഗവുമായിരുന്ന പര്വീന് കസ്വാന് യാത്രയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കെവെച്ചതോടെ ഈ കളക്ടറുടേയും സംഘത്തിന്റേയും സമൂഹിക പ്രവര്‍ത്തനം വൈറലാവുകയും കൈയ്യടി നേടുകയും ചെയ്തു.