മുംബൈ: രണ്ടാം കൊറോണ തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ ഏഴുപേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. ജനിതക ശ്രേണീകരണത്തിന്റെ ഭാഗമായി കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡെല്‍റ്റ വകഭേദത്തിന് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് ഡെല്‍റ്റ് പ്ലസ് വകഭേദം എന്ന് വിളിക്കുന്നത്. ഇതുവരെ ഇതിനെ ആശങ്ക ഉണ്ടാക്കുന്ന വൈറസുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊറോണ മൂന്നാം തരംഗത്തിന് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരേ സമയം എട്ടുലക്ഷം പേര്‍ വരെ ചികിത്സയില്‍ കഴിയാവുന്ന സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗപ്രതിരോധ ശേഷിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിവുള്ള വൈറസാണിത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വ്യാപനത്തില്‍ കൂടുതല്‍ മാരകശേഷിയാണ് കണക്കുകൂട്ടുന്നത്. മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ചികിത്സയെ വരെ പ്രതിരോധിക്കാന്‍ കഴിവുളളതാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.