ന്യൂഡെല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് നടപ്പിലാക്കുന്ന പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട് ഫേയ്സ് ബുക്ക് പ്രതിനിധിയോട് നേരിട്ട് ഹാജരാകാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശം. ശശി തരൂര്‍ എം പി അധ്യക്ഷനായ കമ്മിറ്റിയാണ് വെര്‍ച്വല്‍ കൂടിക്കാഴ്ച്ച ഒഴിവാക്കി ഫേയ്സ് ബുക്ക് പ്രതിനിധിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഫേയ്സ് ബുക്ക് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചത്. വിഷയത്തില്‍ ഗൂഗിള്‍, യൂട്യൂബ്, ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളുമായും ചര്‍ച്ച നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു.
എന്നാല്‍ കമ്പനിയുടെ കൊറോണ പോളിസി നയം ചൂണ്ടികാണിച്ച് നേരിട്ട് ഹാജരാകന്‍ കഴിയില്ലെന്നും അതിനാല്‍ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കാമെന്നുമുള്ള ഫേയ്സ്ബുക്ക് പ്രതിനിധിയുടെ അറിയിപ്പ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിരസിച്ചു. വെര്‍ച്വല്‍ കൂടിക്കാഴ്ചകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നും നേരിട്ട് തന്നെ ഹാജരാകണമെന്നും പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.
പൗരന്മാരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനും സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതും അടക്കമുള്ള ഫേയ്സ്ബുക്കിന്റെ നയങ്ങള്‍ ചോദിച്ചറിയുന്നതിനാണ് കൂടിക്കാഴ്ച നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആവശ്യമായ പക്ഷം കമ്പനി പ്രതിനിധിക്ക് വാക്സിന് നല്കാന് തയ്യാറാണെന്ന് കമ്മിറ്റി അധ്യക്ഷനായ ശശി തരൂര്‍ പറഞ്ഞു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര സെല്‍ ഇന്ത്യയില്‍ രൂപീകരിക്കാന്‍ ഫേയ്സ്ബുക്ക് തയ്യാറാകാത്തതെന്താണെന്നും കമ്മിറ്റി നേരത്തെ ചോദിച്ചിരുന്നു.
കഴിഞ്ഞദിവസം ട്വിറ്ററുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ കമ്പനി പ്രതിനിധികളെ കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ നിയമത്തിന് അതീതരല്ല ട്വിറ്റര്‍ എന്നായിരുന്നു പാര്‍ലമെന്ററി കമ്മിറ്റിയുടെ പരാമര്‍ശം. അതേസമയം കേന്ദ്രത്തിന്റെ പുതിയ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടന്‍ അറിയിക്കാമെന്നാണ് ട്വിറ്റര്‍ ഇന്ത്യ പ്രതിനിധികള്‍ പറഞ്ഞു.