കൊച്ചി: കോടികൾ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴിയെത്തിയ സിംബാവെ സ്വദേശി ഷാരോൺ ചിക്ക്വാസെ ആണ് പിടിയിലാത്. യുവതിയെ കസ്റ്റഡിയിലെടുത്തു.
മൂന്നരക്കിലോ വരുന്ന മയക്കുമരുന്ന് എന്താണെന്ന് പരിശോധിക്കുന്നതിനായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ദോഹയിൽ നിന്നെത്തിയ ഇവർ ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാഗേജ് പരിശോധനയിലാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലാകുന്നത്.
കൊളംബിയൻ കൊക്കെയിൻ ആണെന്നാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രാഥമിക നിഗമനം. മയക്കുമരുന്ന് ബംഗളൂരുവിലും ഡൽഹിയിലും എത്തിച്ച് വിൽപന നടത്താനുള്ള ശ്രമമായിരുന്നു. ഇടപാടിനു പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് നിഗമനം.