ന്യൂഡെൽഹി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ ഉണ്ടാകുന്ന അക്രമസംഭവങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ കൊറോണ വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമങ്ങൾ നടത്തുകയും ആരോഗ്യ കേന്ദ്രങ്ങളിൽ നാശനഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക് തടവുശിക്ഷയും കനത്തപിഴയും ശിക്ഷയായി നൽകാൻ കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത പകർച്ചവ്യാധി നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് അടിയവന്തരമായി ജാമ്യം നൽകുന്നതിനും അർഹതയില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.