തൊടുപുഴ: ഈലോക് ഡൗൺ കാലത്തും ഏറ്റവും കൂടുതൽ വ്യാജമദ്യം പിടികൂടിയത് ഉടുമ്പൻചോല എക്സൈസ് സർക്കിളിൽ. ഒരു മാസത്തിനിടെ 28 കേസുകളിലായി 6000 ലിറ്റർ കോടയും 101 ലിറ്റർ ചാരായവുമാണ് പിടികൂടിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ച ദിവസവും നെടുങ്കണ്ടത്ത് വൻ ചാരായ വേട്ടയാണ് നടന്നത്.
കഴിഞ്ഞ വർഷം ലോക് ഡൗണിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വ്യാജമദ്യം പിടികൂടിയത് ഉടുമ്പൻചോല സർക്കിളിലായിരുന്നു. 22,440 ലിറ്റർ കോടയും 362 ലിറ്റർ ചാരായവും അന്ന് പിടികൂടിയിരുന്നു. ഇത്തവണ കേസുകളുടെ എണ്ണം പാതിയായ് കുറഞ്ഞെങ്കിലും സംസ്ഥാനതലത്തിൽ മുമ്പിൽ തന്നെയാണ് ഉടുമ്പൻചോല. കഴിഞ്ഞ ഒരു മാസത്തിനിടെ 28 കേസുകളിലായ് 6000 ലിറ്റർ കോടയും 101 ലിറ്റർ ചാരായവും പിടികൂടി. കഞ്ചാവും വിദേശമദ്യവിൽപനക്കേസുകളും വേറെയും പിടികൂടിയിരുന്നു.
ലോക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ച ദിവസം നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി 65 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും പിടികൂടി. ഇരട്ടയാറിന് സമീപം ചെമ്പകപ്പാറയിലും പ്രകാശ്ഗ്രാം നാല്മുക്കിലും നടത്തിയ പരിശോധനകളിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. നാലുമുക്കിൽ നിന്നും 400 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും കണ്ടെത്തി. സംഭവത്തിൽ കാനത്തിൽ സുബീഷ്, തട്ടാരത്തിൽ റിൻസൺ എന്നിവർ അറസ്റ്റിലായി. ഇരുവരും ചേർന്ന് ആളൊഴിഞ്ഞ വീട് കേന്ദ്രികരിച്ച് ചാരായം നിർമിച്ച് വരികയായിരുന്നു.