കോട്ടയം: കുമരകത്തെ പരിസ്ഥിതി സംരക്ഷകൻ രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തെന്ന രാജപ്പന്റെ പരാതി ശരിയല്ലെന്ന് സഹോദരി വിലാസിനി. പണം എടുത്ത് രാജപ്പന് തന്നെ നൽകിയെന്ന് വിലാസിനി പറയുന്നു. ആരോപണങ്ങൾക്ക് പിന്നിൽ സഹോദരന്റെ മകനാണെന്നും വിലാസിനി ആരോപിച്ചു.
ബന്ധുക്കൾ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കുമരകത്തെ പരിസ്ഥിതി സംരക്ഷകൻ രാജപ്പൻ കോട്ടയം എസ്പിക്ക് പരാതി നൽകിയിരുന്നു. സഹോദരിയും കുടുംബവും തന്റെ അറിവില്ലാതെ അക്കൗണ്ടിൽനിന്ന് 5,08,000 രൂപ പിൻവലിക്കുകയും തന്റെ രണ്ടു വള്ളങ്ങൾ കൈക്കലാക്കുകയും ചെയ്തതതായി ആണ് രാജപ്പൻ പരാതിയിൽ പറയുന്നത്.
അതേസമയം പലരും നൽകിയ പണം രാജപ്പന്റെ കൈയിലുണ്ടെന്നും അനിയന്റെ മകനായ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും അവർ പറഞ്ഞു. സതീഷാണ് പരാതിക്ക് പിന്നിലെന്നും അവർ ആരോപിച്ചു. താനും മകനും ചേർന്നാണ് പണം ബാങ്കിൽ നിന്ന് എടുത്തത്. അത് അന്ന് തന്നെ രാജപ്പനെ ഏൽപ്പിച്ചുവെന്നും പണം എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
അതേസമയം. ബിജെപിയാണ് ഇത്തരത്തിലുള്ള ഒരു ആരോപണത്തിന് പിന്നിലെന്ന് വിലാസിനിയുടെ മകൻ ജയലാൽ ആരോപിച്ചു. സി.പി.എമ്മിന്റെ ആർപ്പൂക്കര ബ്രാഞ്ച് കമ്മറ്റി അംഗമാണ് ജയലാൽ. അദ്ദേഹത്തിനെതിരേ ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരത്തിലൊരു പരാതിക്ക് പിന്നിലെന്നാണ് ആരോപണം.
വള്ളത്തിൽ കറങ്ങി വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. മൻ കി ബാത്തിലായിരുന്നു അഭിനന്ദനം.