ആസ്​ട്രസെനക വാക്​സിൻ 60 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാത്രം; നിയന്ത്രണം ഏർപ്പെടുത്തി ആസ്​ട്രേലിയ

സിഡ്​നി: ആസ്ട്രാസെനെക കൊറോണ വാക്​സിൻ 60 വയസ്സിന് താഴെയുള്ളവർക്ക് നൽകുന്നതിൽ​ നിയന്ത്രണം കൊണ്ടുവന്ന്​ ആസ്‌ട്രേലിയ. രക്തം കട്ടപിടിക്കുന്നതായുള്ള ആങ്കയെ തുടർന്നാണ്​ നടപടിയെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. 60 വയസ്സിന് താഴെയുള്ള എല്ലാവർക്കും ഫൈസർ വാക്​സിൻ നൽകാനാണ്​ നിർദേശം.

കഴിഞ്ഞദിവസം രക്തം കട്ടപിടിച്ച്‌ 52കാരി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടി. ആസ്​ട്രസെനക വാക്​സിൻ പ്രദേശികമായി വികസിപ്പിക്കാൻ വലിയ നിക്ഷേപങ്ങളാണ്​ ആസ്​ട്രേലിയ നടത്തിയിട്ടുള്ളത്​. 50 ദശലക്ഷം ഡോസുകൾ ഉൽപ്പാദനം നടത്താനായിരുന്നു ലക്ഷ്യം.

അതേസമയം, ആസ്​ട്രേലിയയിൽ മന്ദഗതിയിലായ വാക്​സിനേഷൻ നടപടിയെ പുതിയ തീരുമാനം കൂടുതൽ ബാധിക്കുമെന്ന്​ മന്ത്രി സമ്മതിച്ചു. 25 ദശലക്ഷം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് ഇതുവരെ കുത്തിവെപ്പ്​ എടുത്തത്​.

കടുത്ത നിയന്ത്രണങ്ങൾ വരുത്തിയതിനാൽ ആസ്​ട്രേലിയയിൽ കൊറോണ​ കേസുകൾ കുറവാണ്​. മിക്ക അതിർത്തികളും അടച്ചിരിക്കുകയാണ്​. വിമാന യാത്രകളും നിയന്ത്രിച്ചിട്ടുണ്ട്​. വലിയൊരു ശതമാനം മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ്​ നൽകുന്നതുവരെ ഈ നടപടികൾ തുടരും.