ന്യൂഡെല്‍ഹി: ഫലപ്രാപ്തി കൂടിയ റഷ്യയുടെ കൊറോണ വാക്സിനായ സ്പുട്നിക്കിൻ്റെ വിതരണം രാജ്യത്തെ ഒൻപത് നഗരങ്ങളില്‍ കൂടി ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് വിതരണം നടത്തുന്നത്. ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡെല്‍ഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂര്‍, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിന് വിതരണം ആരംഭിക്കുക.
രാജ്യത്ത് 18-44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിച്ചതിനാൽ വാക്സിന് ഡോസുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഇതോടെ രാജ്യത്തെ വാക്സിൻ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോവിന്‍ പോര്‍ട്ടലിലൂടെ സ്പുട്നിക് വാക്സിന് ലഭ്യമാവില്ല. ഇന്ത്യയിലെ സ്പുട്നിക്കിൻ്റെ വിതരണം നടത്തുന്ന ഡോ.റെഡ്ഡീസിലൂടെ മാത്രമേ വാക്സിന് ലഭിക്കു.
കമ്പനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ് നിലവില്‍ സ്പുട്നിക് വാക്സിന് വിതരണം നടത്തുന്നത്. വാക്സിന് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈദരാബാദിലാണ് ആദ്യം വിതരണം ചെയ്തത്. 91.6 ശതമാനം ഫലപ്രാപ്തി സ്പുട്നിക് വാക്സിനുണ്ടെന്നാണ് അവകാശവാദം. 1,145 രൂപയാണ് വാക്സിൻ്റെ വില.