കൊച്ചി: ലക്ഷദ്വീപിൽ ഭൂമി ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാൻ ഭരണ കൂടം നടപടി ആരംഭിച്ചു. പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ കടുത്ത നടപടികള്‍. ഇതിന്റെ ഭാഗമായി കവരത്തിയില്‍ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയില്‍ റവന്യു വകുപ്പ് കൊടി നാട്ടി. എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും അറിയാക്കാതെയാണ് നടപടികളെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.
2021ല്‍ എല്‍ഡിഎആര്‍. സംബന്ധിച്ച് കരടു രൂപരേഖ ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എന്നാല്‍ ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ തീരുമാനം ആയിട്ടില്ല.
ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾക്കായാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് വിശദീകരണം. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍.
ഭൂമിയേറ്റെടുക്കലിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. ഉടമകളുടെ അനുവാദം ഇല്ലാതെ ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലം കെട്ടിത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ ഖോഡ പാട്ടേല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്റെ ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റര്‍ വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ എടുത്ത ചില തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കിയില്ല. ഇതിൻ്റെ പേരിലാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വിമർശനം ഉണ്ടായത്.
വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ അഡ്മനിസ്ട്രേറ്ററുടെ സമ്മർദ്ദം ഉണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഭൂമിയിൽ കൊടികണ്ടപ്പോൾ മാത്രമാണ് തങ്ങളുടെ സ്ഥലം സർക്കാർ ഏറ്റെടുത്തതായി അറിയുന്നതെന്ന് ഭൂവുടമകൾ പറയുന്നു.