മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനബാദിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്കിൽ നിന്ന് പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് കവർന്നത് എഴുപത് ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള സാധനസാമഗ്രികൾ. സോളാപുർ-ഔറംഗബാദ് ദേശീയപാതയിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് വാഹനത്തിൽ നിന്ന് കൈക്കലാക്കിയ വസ്തുക്കൾ കണ്ടെത്താൻ പോലീസ് സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്.
മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എൽഇഡികൾ, കളിക്കോപ്പുകൾ, മറ്റ് ഇലക്ടോണിക് വസ്തുക്കൾ എന്നിവയാണ് ട്രക്കിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് സാധനങ്ങൾ റോഡിലേക്ക് വീണതോടെ അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും യാത്രക്കാരും അവ കൈക്കലാക്കി. ചിലർ വാഹനത്തിന്റെ പിൻവാതിൽ പൊളിച്ചതോടെ കൂടുതൽ സാധനങ്ങൾ നഷ്ടമായി. പോലീസും സംഘർഷനിയന്ത്രണ സ്ക്വാഡും ചേർന്നാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്.
നാട്ടുകാരിൽ ചിലർ പോലീസിന്റെ അഭ്യർഥന മാനിച്ച് കൊണ്ടു പോയ സാധനങ്ങൾ മടക്കി നൽകിയതായി പോലീസ് അറിയിച്ചു. എഴുപത് ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ട്രക്കിൽ നിന്ന് നഷ്ടമായതാണ് കണക്ക്. അതിൽ നാൽപത് ശതമാനത്തോളം തിരികെ ലഭിച്ചതായും ബാക്കിയുള്ളവ മടക്കി കിട്ടുന്നത് പ്രയാസമാണങ്കിലും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.