ന്യൂഡെൽഹിയിലെ ഇസ്രായേൽ എംബസി ആക്രമണം; വിവരങ്ങൾ നൽകുന്നവർക്ക്​ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ എൻഐഎ

ന്യൂഡെൽഹി: ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച്‌​ വിവരങ്ങൾ നൽകുന്നവർക്ക്​ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ എൻഐഎ. ചൊവ്വാഴ്​ച വൈകീട്ടാണ്​ എൻഐഎ ഇക്കാര്യം അറിയിച്ചത്​. ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഫോൺ നമ്പറിലൂടേയുമാണ്​ വിവരങ്ങൾ നൽകേണ്ടതെന്നും എൻഐഎ അറിയിച്ചിട്ടുണ്ട്​. പ്രതികളുടെ അറസ്​റ്റിലേക്ക്​ നയിക്കുന്ന വിവരം നൽകുന്നവർക്കാണ്​ 10 ലക്ഷം രൂപ നൽകുക.

ജനുവരി 30നാണ്​ ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക്​ നേരെ ആക്രമണമുണ്ടായത്​. ചെറിയ സ്​ഫോടനമായിരുന്നു നടന്നത്​. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലാണ്​ ആക്രമണമുണ്ടായത്​ ഇതിൽ മൂന്ന്​ കാറുകളുടെ ചില്ലുകൾ തകർന്നുവെന്നും ഡൽഹി പൊലീസ്​ അറിയിച്ചിരുന്നു.

സ്​ഫോടനത്തിന്​ പിന്നാലെ എല്ലാ വിമാനത്താവളങ്ങൾക്കും സിഐഎസ്​എഫ്​ ജാഗ്രത നിർദേശം നൽകിയിരുന്നു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ അന്വേഷണം ശക്തമാക്കുകയാണ് എൻഐഎ.