ചെന്നൈ: ജയലളിതയുടെ പഴയ തോഴിക്ക് വിലക്ക് കൽപ്പിച്ച് എഐഡിഎംകെ. ശശികലയുമായി സംസാരിക്കുന്നവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് എഐഡിഎംകെ. ഇന്നു ചേര്‍ന്ന എഐഎഡിഎംകെ ഉന്നതതല യോഗത്തില്‍ പ്രമേയം പാസാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുമായി ശശികല നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിറകെയാണ് പാർട്ടി കടുത്ത നടപടി സ്വീകരിച്ചത്.
രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചയാളാണ് ശശികല. എന്നാൽ നിലവിൽ പാര്‍ട്ടിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ശശികല നേതൃത്വത്തിലേക്ക് തിരിച്ചുവന്ന് വീണ്ടും സജീവരാഷ്ട്രീയത്തിലെത്തുമെന്നും സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി എഐഎഡിഎംകെ സഖ്യം കാഴ്ചവച്ച മികച്ച പ്രകടനം കണ്ട് പാര്‍ട്ടിയുടെ നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ഇതുവഴി രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശ്രദ്ധനേടാനാണ് ശ്രമം. ഒരു കുടുംബത്തിന്റെ താല്പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ഒരിക്കലും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പാർട്ടി നയം.
എന്നാല്‍, എഎംഎംകെ പ്രവര്‍ത്തകരുമായാണ് ശശികല സംസാരിക്കുന്നതെന്ന് നേരത്തെ എടപ്പാടി കെ പളനിസാമിയും കെ പി മുനുസാമിയുമടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചിരുന്നു. ഇതിനുശേഷവും ശശികലയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പ് പ്രചാരണം ശക്തമാക്കിയതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.