ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും വർക്ക് ഫ്രം ഹോം; കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകാൻ നിർദേശം

ന്യൂഡെൽഹി: കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരോട് ജോലിയിൽ ഹാജരാകാൻ കേന്ദ്രസർക്കാർ നിർദേശം. അണ്ടർ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവരോടാണ് നിർദേശം. ജൂൺ 16 മുതൽ ജൂൺ 30 വരെ ഓഫീസിൽ എത്താനാണ് കേന്ദ്രസർക്കാരിന്റെ അറിയിപ്പ്.

നിലവിൽ രാജ്യത്ത് കൊറോണ കേസുകൾ കുറയുകയാണ്. തുടർച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ് പ്രതിദിന കൊറോൺ ബാധിതർ. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതുക്കിയ മാർഗനിർദേശം നൽകിയത്. അണ്ടർ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവരോട് ജൂൺ 16 മുതൽ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

അണ്ടർ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളിൽ ജോലി ചെയ്യുന്നവരിൽ പകുതി പേർ ഓഫീസിൽ എത്തിയാൽ മതി. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അവശേഷിക്കുന്നവർ വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യണം. ഭിന്നശേഷിക്കാരും ഗർഭിണികളും സമാനമായ നിലയിൽ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മാർഗനിർദേശത്തിൽ പറയുന്നു.