കേരളത്തിൽ കാലവർഷം ശക്തം; പൊതുജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജൂണ്‍ 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കാറ്റിന്‍റെയും മഴയുടെയും പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയുന്നതു് വീടിന്‍റെ ടെറസിൽ നില്‍ക്കുന്നതും ഒഴിവാക്കുക.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്‌ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്ബറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക.

നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച്‌ സുരക്ഷിതമായ ഇടത്തേക്ക് മാറുക.

ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക.

ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.