ഡെൽഹിയിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു ; കൊറോണ കേസുകൾ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ന്യൂഡെൽഹി: ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച്‌ ഡെൽഹി സർക്കാർ. എല്ലാ കടകളും മാളുകളും റസ്‌റ്റോറന്റുകളും നാളെ മുതൽ തുറക്കും. കൊറോണ കേസുകൾ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും കടകൾ തുറക്കും.

അതേസമയം ഇളവുകൾ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കൊറോണ കേസുകൾ ഉയരുന്ന പക്ഷം കർശന നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.

കടകളുടെ പ്രവർത്തനസമയം നിലവിലുള്ളത് പോലെ 10 മുതൽ എട്ട് വരെ ആയി തുടരും. റസ്‌റ്റോറന്റുകളിൽ 50 ശതമാനം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും. 50 ശതമാനം വ്യാപാരികളെ ഉൾപ്പെടുത്തി ആഴ്ചച്ചന്തകൾക്കും പ്രവർത്തിക്കാം. സലൂണുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. സ്പാകൾക്ക് പ്രവർത്തന അനുമതിയില്ല.

ഗവൺമെന്റ് ഓഫീസുകൾക്ക് മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കാം. പ്രൈവറ്റ് ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് മാത്രമേ അനുമതിയുള്ളൂ. സ്‌കൂളുകളും കോളേജുകളും തുറക്കില്ല. സ്വിമ്മിങ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവ തുറക്കില്ല.

ആരാധനാലയങ്ങൾ തുറക്കാം. എന്നാൽ ഭക്തർക്ക് പ്രവേശനാനുമതിയുണ്ടാവില്ല. ആൾക്കൂട്ടം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ കേസുകൾ നിലവിലുള്ളതുപോലെ കുറയുകയാണെങ്കിൽ ജനജീവിതം ഘട്ടം ഘട്ടമായി സാധാരണനിലയിലാവും. വലിയ ദുരന്തമാണ് നേരിട്ടത്. നമ്മളൊരുമിച്ച്‌ അതിനെ നേരിട്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.