ബംഗളൂരു: വ്യാജ മൊബൈല്‍ ആപ്പുകള്‍ മുഖേന 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം അറസ്റ്റില്‍. മലയാളി ബിസിനസുകാരന് അനസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കര്‍ണാടക സിഐഡിയുടെ സൈബര്‍ ക്രൈം വിഭാഗം പിടികൂടിയത്.
കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച രണ്ടുവീതം ചൈനീസ്, തിബത്തന്‍ പൗരന്മാരും ഡെൽഹി, സൂറത്ത് സ്വദേശികളായ നാലുപേരും അടക്കമാണ് അറസ്റ്റിലായത്. ക്ലിഫോര്‍ഡ് വെഞ്ചേഴ്സ്, ബുള്‍ ഫിഞ്ച് ടെക്നോളജീസ്, എച്ച് ആന്‍ഡ് എസ് വെഞ്ചേഴ്സ്, എന്നീ പേരുകളില്‍ കടലാസ് കമ്പനികള്‍ രൂപവത്കരിച്ചാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.
അതേസമയം അനസ് അഹമ്മദിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ പിന്നീട് നിക്ഷേപം സ്വീകരിക്കാന്‍ ‘പവര്‍ ബാങ്ക്’, ‘സണ്‍ ഫാക്ടറി’ എന്നീ ആപ്ലിക്കേഷനുകളാക്കി പേര് മാറ്റി. ഗൂഗ്ള്‍ പ്ലേ സ്റ്റോറിലടക്കം ഈ ആപ്പുകള്‍ ലഭ്യമായിരുന്നു. വന്‍ ലാഭവിഹിതം പലിശയും വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘം തുടക്കത്തില്‍ ലാഭവിഹിതം നല്‍കിയതോടെ കൂടുതല്‍ പേര് വലയില്‍ കുടുങ്ങി.
കോടിക്കണക്കിന് രൂപ നിക്ഷേപമെത്തിയതോടെ ആപ് പിന്നീട് പ്രവര്‍ത്തനരഹിതമാക്കി മുങ്ങിയിരുന്നു. ചൈനയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനസ് അഹമ്മദ് ചൈനീസ് യുവതിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. ബിസിനസുകാരനായ ഇവരുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയതായും ചൈന കേന്ദ്രീകരിച്ച ഹവാല റാക്കറ്റുമായി അനസിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
റേസര്‍ പേ സോഫ്റ്റ്വെയര് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ ഉടമകള്‍ നല്കിയ പരാതിയിലാണ് സിഐഡി സൈബര്‍ ക്രൈം ഡിവിഷന് എസ്.പി എംഡി ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഗെയിമിങ്, ഇ-കോമേഴ്സ് ബിസിനസുകള്‍ നടത്തുന്നെന്ന പേരില്‍ തങ്ങളെ സമീപിക്കുകയും പിന്നീട് ഇ-പേയ്മെന്റ് സംവിധാനം വഴി സംഘം തട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് പരാതി. അതെ സമയം തട്ടിപ്പിനെതിരെ കര്‍ണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ട്.
‘പവര്‍ ബാങ്ക്’ ആപ്ലിക്കേഷനിലൂടെ പണം നഷ്ടമായവര്‍ കര്‍ണാടക സിഐഡി സൈബര്‍ ക്രൈം വിഭാഗത്തെ സമീപിക്കണമെന്ന് പൊലീസ് അറിയിച്ചു. വന്‍ തുക ലാഭവിഹിതം നല്കുന്ന ആപ്ലിക്കേഷനുകളുടെ തട്ടിപ്പ് പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത വേണമെന്നും പരിചിതമല്ലാത്ത വെബ്സൈറ്റുകളില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് പൊതുജനങ്ങള്‍ക്ക് താക്കീത് നല്കി.