ക്ലബ് ഹൗസിലെ ചർച്ച റെക്കോർഡ് ചെയ്തു ; യുവതിയുടെ പരാതിയിൽ കേസ്‌

കൊച്ചി: ജനകീയ സമൂഹ മാധ്യമ ആപ്ലിക്കേഷനായ ക്ലബ് ഹൗസ് ചർച്ചയിലെ ഓഡിയോ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. വയനാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ കൽപ്പറ്റ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

ലൈംഗീകതയെക്കുറിച്ച് നടന്ന ചർച്ചയിൽ കേൾവിക്കാരായി എത്തിയവരുടേത് ഉൾപ്പെടെയുള്ള സ്‌ക്രീൻഷോട്ടുകളാണ് യൂട്യൂബിൽ പ്രചരിപ്പിച്ചത്. ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി.

ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നതിൽ പരാതി ഉയർന്ന സാഹചര്യത്തിൽ കേരള പൊലീസും ആപ്പിൽ ഒരു അക്കൗണ്ട് തുടങ്ങിരുന്നു. തൽസമയ ഓഡിയോ റൂമുകളിലെ ചർച്ചകൾ റെക്കോർഡ് ചെയ്യരുതെന്ന നിയമം നിലനിൽക്കെയാണ് ചർച്ച പ്രചരിപ്പിച്ച് വ്യക്തികളെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വിഷയത്തിൽ ശക്തമായ നടപടി സ്വകരിക്കാനാണ് പൊലീസ് നീക്കം. വിഷയത്തിൽ കഴിഞ്ഞ ദിവസം കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച ഒരു കുറിപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പൊലീസ് പങ്കുവെച്ചിരുന്നു.