പത്തനംതിട്ട: സമൂഹമാധ്യമത്തിൽ കളിയാക്കിയതിന് സഹപാഠികൾ വെട്ടിക്കൊന്ന പതിനാറ്കാരൻ്റെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കും. പ്രായപൂർത്തിയാവാത്ത പ്രതികളുടെ ഫോട്ടോയോ വീഡിയോയോ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇന്നലെ തന്നെ പ്രതികളുടെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പത്തനംതിട്ട അങ്ങാടിക്കലിലാണ് പതിനാറ് വയസ്സുകാരനെ സമപ്രായക്കാരായ സുഹൃത്തുക്കൾ ചേർന്നു വെട്ടിക്കൊന്നത്. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് – മിനി ദമ്പതികളുടെ മകൻ എസ്.അഖിലിനെ ആണ് രണ്ടു സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയത്. ഒമ്പതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.
കൈപ്പട്ടൂർ സെന്റ ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഖിൽ. അങ്ങാടിക്കൽ തെക്ക് എസ്എൻവി എച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോടു ചേർന്ന റബർ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കു ക്രൂരമായ കൊലപാതകം ഉണ്ടായത്. രാവിലെ അഖിലിനെ വീട്ടിൽ നിന്നും സുഹൃത്തുക്കൾ സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
സുഹൃത്തുക്കൾ വന്ന രണ്ട് സൈക്കിൾ സംഭവസ്ഥലത്തുണ്ട്. നേരത്തെ ഇവരിൽ ഒരാളെ അഖിൽ സമൂഹമാധ്യമത്തിലൂടെ കളിയാക്കിയതായി പൊലീസ് പറഞ്ഞു. ഇതാണു കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെ വിജനമായ പറമ്പിൽ ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അൽപം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളിൽ ഇട്ടു.
ഇവിടെ സംശയകരമായി രണ്ടു പേർ നിൽക്കുന്നതു ദൂരെ നിന്ന നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇയാൾ നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തി. ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ ഇവർ പറഞ്ഞത്. സ്ഥലത്തെ മണ്ണ് മാറ്റിയാണു മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി.സൈമൺ, അടൂർ ഡിവൈഎസ്പി. ജവഹർ ജനാർദ്, സിഐ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി.