സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ; ‘സ്ത്രീകൾക്ക് ഇനി തനിച്ച്‌ താമസിക്കാം’

റിയാദ്: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ കൂടുതൽ നിയമ ഭേദഗതികൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതൽ രാജ്യത്ത് പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി.

ശരിഅത്ത് കോടതി നിയമങ്ങളിലെ 16-ാം അനുച്ഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുച്ഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയിൽ പ്രായപൂർത്തിയായതോ, വിവാഹ മോചനം നേടിയതോ, വിധവയായതോ ആയ സ്ത്രീ പുരുഷ രക്ഷിതാവിന്റെ സംരക്ഷണയിലായിക്കണമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ നിയമഭേദഗതിയിൽ മാറ്റം വരുത്തി പ്രായപൂർത്തിയായ സ്ത്രീക്ക് എവിടെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും സ്ത്രീക്കെതിരെ പുരുഷ രാക്ഷിതാവിന് പരാതി നൽകണമെങ്കിൽ വ്യക്തമായ തെളിവുകൾ വേണമെന്നും ഭേദഗതിയിൽ പറയുന്നു.

2020-ൽ പുരുഷ രക്ഷിതാവിന്റെ സമ്മതമില്ലാതെ വിദേശത്ത് യാത്ര ചെയ്യാനുള്ള അനുമതിയും സൗദി ഭരണകൂടം സ്ത്രീകൾക്ക് നൽകിയിരുന്നു. പുരുഷ സംരക്ഷണ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇല്ലാതാക്കാൻ ഈ നിയമ ഭേദഗതി സഹായിക്കുമെന്ന് നിയമവിദഗ്‌ദ്ധർ പറയുന്നു.