സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കും

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കും. ഇതോടെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 15 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്.
ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും കേരളാ തീരത്ത് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഞായര്‍ മുതല്‍ ചൊവ്വ വരെ കടലില്‍ പോകരുതെന്നാണ് നിർദ്ദേശം.