ഇന്ത്യൻ സെെനിക രഹസ്യങ്ങൾ ചോർത്തി നൽകാൻ പാകിസ്ഥാൻ ചാരൻമാരെ സഹായിച്ചു ; മലപ്പുറം സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

ന്യൂഡെൽഹി: ഇന്ത്യൻ സെെനിക രഹസ്യങ്ങൾ ചോർത്തി നൽകാൻ പാകിസ്ഥാൻ ചാരൻമാരെ സഹായിച്ച അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ രണ്ടുപേർ പിടിയിൽ. സതേൺ കമാന്റിലെ മിലിറ്ററി ഇന്റലിജൻസും ബംഗളൂരു പൊലീസിന്റെ ആന്റി ടെറർ സെല്ലും ചേർന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിൻ മുഹമ്മദ് കുട്ടി (36), തമിഴ്നാട് തിരുപ്പൂരിൽ നിന്നുളള ​ഗൗതം ബി. വിശ്വനാഥൻ (27) എന്നിവരാണ് പിടിയിലായത്.

ഇരുവരും നഗരത്തിലെ ആറു പ്രദേശങ്ങളിലായി 32 ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ബംഗളുരുവിൽ ഇവർ നടത്തിവന്ന അനധികൃത ഫോൺ എക്സ്ചേഞ്ച് പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.അന്താരാഷ്ട്ര കോളുകൾ പ്രാദേശിക കോളുകളിലേക്ക് പരിവർത്തനം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

960 അനധികൃത സിം കാർഡുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ ചാര ഏജൻസിയിൽ നിന്നും കിഴക്കൻ ആർമി ഇൻസ്റ്റലേഷനിലേക്ക് വന്ന ഒരു കോളാണ് അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

നിയമവിരുദ്ധ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം സെല്ലുലാർ നെറ്റ് വർക്കുകൾക്കും സർക്കാരിനും ഒരേപോലെ നഷ്ടം വരുത്തുന്നു. ഇത് ദേശസുരക്ഷയ്ക്ക് തന്നെ കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കുന്നതിന് പ്രതികൾ സിം ബോക്‌സുകൾ ഉപയോഗിച്ചിരുന്നു.