ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി ; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഫുഡ് സേഫ്റ്റി ലൈസൻസ് നിർബന്ധമാക്കുന്നു

ന്യൂഡെൽഹി: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിൻ്റെ കർശന നടപടി. പുതിയ ചട്ടമനുസരിച്ച് റസ്റ്റോറൻ്റുകൾ, ചെറുകിട ഭക്ഷണശാലകൾ, കേറ്ററിങ് സ്ഥാപനങ്ങൾ , ബേക്കറികൾ തുടങ്ങിയവയ്ക്ക് ഒക്ടോബർ ഒന്നു മുതൽ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് അഥോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ് എസ്എ ഐ) യുടെ ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി വരും. ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറത്ത് വന്നിട്ടുണ്ട്.

ഇതനുസരിച്ച് ഭക്ഷ്യ സുരക്ഷ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. എഫ്എസ് എസ്എഐ നൽകുന്ന ലൈസൻസിൻ്റെ അല്ലെങ്കിൽ രജിസ്ട്രേഷൻ്റെ നമ്പർ ഉപഭോക്താവിന് നൽകുന്ന ബില്ലിൽ നിർബന്ധമായും സൂചിപ്പിച്ചിരിക്കണം. ബില്ലിൽ മാത്രമല്ല, ക്യാഷ് റസീപ്റ്റുകളിലും പർച്ചേസ് ഇൻ വോയ്സുകളിലും രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.

ഉപഭോക്താക്കൾക്ക് സ്ഥാപനത്തെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ നമ്പർ രേഖപ്പെടുത്തി ഭക്ഷ്യ മന്ത്രാലയത്തെ സമീപിക്കാം. നമ്പർ ഇല്ലെങ്കിൽ വ്യാജനാണെന്ന് വേഗം ഉറപ്പിക്കാം. നടപടി വരും. ഭക്ഷ്യ റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷോപലക്ഷം സംരംഭകരെ ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ ചട്ടക്കൂടിൻ കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശം ഇതിലൂടെ കേന്ദ്ര സർക്കാരിനുണ്ട്.

ഉപഭോക്തൃ പരാതികൾ നാൾക്കുനാൾ ഏറുന്ന സാഹചര്യത്തിൽ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പാകം ചെയ്ത ഭക്ഷ്യ വസ്തുക്കൾ കൊണ്ടു പോകുമ്പോൾ ട്രാൻസ്പോർട് ചലാനിലും ബില്ലിലും ഇൻവോയ്സിലുമൊക്കെ എഫ്എസ് എസ്എഐ നമ്പർ ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ജനറേറ്റ് ചെയ്യുന്ന ജിഎസ്ടി ഇ-വേ ബില്ലുകൾക്ക് ഇത് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. ലൈസൻസ് എടുക്കാൻ വലിയ പണച്ചെലവൊന്നുമില്ല. വലിയ നൂലാമാലകളൊ ചെലവോ ഇല്ലാതെ ഫുഡ് ബിസിനസിന് ലൈസൻസ് എടുക്കാം. പിന്നെ എന്തിന് ലൈസൻസില്ലാതെ പ്രവർത്തിക്കണം? എന്ന ചോദ്യമാണ് എഫ്എസ് എസ്എഐ ഉന്നയിക്കുന്നത്.