തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലും മാംഗോ ഫോൺ ഇടപാടിലും ആരോപണം നേരിടുന്ന മുഖ്യപ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ആരോപണം ആവർത്തിച്ച് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ്പിടി തോമസ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും എംമുകേഷ് എംഎൽഎയുമായി കേസിലെ പ്രതി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തുവിട്ടാണ് പി.ടി തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ അദ്ദേഹം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സംസാരിച്ചു. ചിത്രത്തിൽ കാണുന്ന പ്രതിയുടെ കൈ മുഖ്യമന്ത്രി തട്ടിമാറ്റുകയാണ് ചെയ്തതെങ്കിൽ താൻ സഭയിൽ മാപ്പുപറഞ്ഞേനെ. 2016ൽ മാംഗോ ഫോൺ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഇയാളെ കണ്ടു എന്ന് താൻ പറഞ്ഞിട്ടില്ല. 2016 എന്നത് മുഖ്യമന്ത്രിയാണ് പറഞ്ഞത്.
തന്നെ ആക്ഷേപിക്കാൻ നിയമസഭയെ മുഖ്യമന്ത്രി ഉപയോഗിച്ചു. 2017ൽ കോഴിക്കോട് എം.ടി വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങിനിടെയാണ് ഈ പ്രതി മുഖ്യമന്ത്രിക്ക് കൈകൊടുക്കുന്നത്. 2017 ജനുവരി 22ന് നടക്കാനിരുന്ന ഒരു ഉദ്ഘാടന ചടങ്ങ് ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 24നാണ് എം.ടിയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ ഇയാൾ കണ്ടതെന്നും പിടി തോമസ് പറഞ്ഞു.
മാംഗോയുടെ പരസ്യം 2017 ഫെബ്രുവരി 16,18,20,24 തീയതികളിൽ ദേശാഭിമാനിയിൽ കൊടുത്ത ശേഷമാണ് മുഖ്യമന്ത്രി ഇയാളെ കാണുന്നത്. ചിരപരിതിനായ ഒരാളെ പോലെയാണ് കൈകൊടുക്കുന്നത്. സംഘടക സമിതിയുടെ ബാഡ്ജും ഈ പ്രതി കുത്തിയിട്ടുണ്ട്. 24നായിരുന്നു പരിപാടി നടന്നത്. അതിനിടെയായിരുന്നു കൂടിക്കാഴ്ച.
2016ൽ മാംഗോ ഫോൺ ഉദ്ഘാടന പരിപാടിയുടെ സ്‌റ്റേജിൽ പരിപാടിക്കു മുൻപ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 2017 ജനുവരി 21ന് എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിച്ച മുഖ്യമന്ത്രി 22ന് രാവിലെ മുകേഷിന്റെ കൂടെ പ്രേരണയാൽ നടന്നതെന്ന് പറയപ്പെടുന്ന ആ പരിപാടിക്ക് പോകാൻ തയ്യാറായി.
ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമ്രന്തി പരിപാടി റദ്ദാക്കി. 21ന് മുഖ്യമന്ത്രി എറണാകുളത്ത് വന്നത് ഈ ഒരു പരിപാടിക്കാണെന്ന് താൻ പറയുന്നില്ല. എറണാകുളത്ത് മറ്റ് ചില പരിപാടികൾ നടന്നിരുന്നു. അതിന്റെ സംഘാടകർ മുകേഷുമായി അടുത്ത ബന്ധമുള്ളവരാണ്. അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയാണെങ്കിൽ ബാക്കി കാര്യങ്ങളും വെളിപ്പെടുത്താം.
പ്രതിയെ മുൻപും പല കേസുകളിലും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കർണാടക പോലീസ് ഇയാളെ അറസ്റ്റു ചെയ്യാൻ വയനാട്ടിൽ വന്നപ്പോൾ പോലീസിനെ ഗുണ്ടകളെ വച്ച് ഓടിച്ചിട്ട് അടിച്ചതിന് കേസുണ്ട്. ലുക്കൗട്ട് നോട്ടീസുണ്ട്. ദുബായിൽ അറസ്റ്റിലായിട്ടുണ്ട് -പിടി തോമസ് പറഞ്ഞു.