ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യം; സൈനിക ഹെലികോപ്റ്റർ പറത്താൻ ഇനി വനിതകളും

ന്യൂഡെൽഹി: ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധസമയത്ത് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരുടെ പരിശീലനത്തിന് രണ്ട് വനിതാ സൈനികരെ ഉൾപ്പെടുത്തി. കരസേനയുടെ നാസിക്കിലെ (മഹാരാഷ്ട്ര) പ്രീമിയർ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്‌കൂളിലാണ് വനിതകൾക്ക് പൈലറ്റ് പരിശീലനം നൽകുക.

സൈന്യത്തിലെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ നിയമിക്കാനുള്ള ശിപാർശ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസർമാർ ഹെലികോപ്റ്ററുകൾ പറത്താറുണ്ട്. എന്നാൽ, കരസേനാ വ്യോമവിഭാഗത്തിൽ നിലവിൽ പുരുഷന്മാർ മാത്രമാണ് പൈലറ്റുമാരായി നിയോഗിച്ചിട്ടുള്ളത്.

കരസേനയുടെ വ്യോമവിഭാഗത്തിൽ ചേർന്നത് 15 വനിതാ ഉദ്യോഗസ്ഥരാണ്.പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റിനും (പിഎബിറ്റി) വൈദ്യ പരിശോധനക്കും ശേഷം രണ്ടു പേരെ മാത്രമാണ് പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രണ്ട് വനിതകൾ ഉൾപ്പെടെ 47 ഓഫീസർക്കാണ് പരിശീലനം.