കോട്ടയം: മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ പ്രകാശൻ്റെ മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.
തിങ്കളാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് വലിയ പാലത്തിൽ നിന്നും പ്രകാശൻ മണിമലയാറ്റിലേക്ക് ചാടിയത്. ഇയാൾക്കായി അഗ്നിരക്ഷാസേനയുടെയും സ്‌കൂബ ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം പൊങ്ങുന്നത്.
ജോയിൻറ് കൗൺസിൽ നേതാവ് കൂടിയായ പ്രകാശൻ, ജീവനൊടുക്കാൻ തീരുമാനിച്ച് തന്നെയാണ് ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇതിനു പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾ ആറ്റിൽ ചാടുന്നത് കണ്ട് ആദ്യം രക്ഷപ്പെടുത്താൻ ഓടിയെത്തിയത് അന്യസംസ്ഥാന തൊഴിലാളി ആയിരുന്ന യാനൂഷ് ലുഗുൻ എന്നയാളായിരുന്നു.
സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അസം സ്വദേശികളായ യാനൂഷ് ലുഗനും സുഹൃത്ത് വിജയും പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടിരുന്നു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനൂഷ്, പ്രകാശനെ രക്ഷിക്കാൻ പിന്നാലെ ചാടി. പ്രകാശനെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനൂഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു.