തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതോടെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു മുതൽ പുനരാരംഭിച്ചു. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാണ് നടത്തുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാൽ കര്‍ശന നിയന്ത്രണമുള്ള 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല.
‘എന്റെ കെഎസ്ആര്‍ടിസി’മൊബൈല്‍ ആപ്, www.ker alartc.com എന്ന വെബ്സൈറ്റിലും സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈനിലൂടെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.
രോഗവ്യാപനം കുറഞ്ഞതോടെയാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്. കൊറോണ രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു.
നാഷണല്‍ ഹൈവേ, എംസി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കാനാണ് തീരുമാനം.