വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടെത്തിയ കൊറോണ വകഭേദം ഇന്ത്യയിൽ വ്യാപിച്ചിട്ടില്ല

പുണെ: പുതിയ കൊറോണ വൈറസ് വകഭേദം പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടെത്തിയതായി വിദഗ്ധർ. ബ്രസീലിൽനിന്ന് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയത്. ഇതിനെ നേരിടാൻ കൂടുതൽ ആന്റീബോഡികൾ ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്.

വാക്സിനേഷന് ശേഷവും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റീബോഡികൾ വൈറസിനെ എത്രത്തോളം കാര്യക്ഷമമായി പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്താൻ നടത്തിയ പഠനത്തിൽ ഈ വകഭേദത്തെ നേരിടാൻ കൂടുതൽ ആന്റീബോഡികൾ ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഒന്നും ഈ വകഭേദത്തെ കണ്ടെത്താനായിട്ടില്ല.

പുതിയ വകഭേദങ്ങളെ നേരിടാൻ വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുക എന്നതാണ് ചെയ്യേണ്ടതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വകഭേദം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെന്നും എന്നാൽ ഇന്ത്യയിൽ ഇത് വ്യാപിച്ചിട്ടില്ലാത്തിനാൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ പറയുന്നു.

12,200 ലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്നാണ് സർക്കാർ നടത്തുന്ന പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് അവയുടെ സാന്നിധ്യം കുറവാണ്.