ന്യൂഡെൽഹി: കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി പി ടി തോമസ്, ടി സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ നിയോഗിച്ച് കോൺഗ്രസ്. കെ വി തോമസിനെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കിയതായി സംഘടനാ ചുമതലയുള്ള എഐസിസി ജനൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. ഗ്രൂപ്പ് പോരും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി കെ വി തോമസിനെ കുറച്ചുനാൾ മുമ്പ് വർക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരുന്നു.
നേരത്തേ കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായിരുന്നു കെ.സുധാകരനും കെവി തോമസും കൊടിക്കുന്നിൽ സുരേഷും. സുധാകരൻ പ്രസിഡൻ്റായതോടെയാണ് കൊടിക്കുന്നിലിനെ കൂടാതെ പുതിയ രണ്ട് വർക്കിംഗ് പ്രസിഡൻ്റുമാരെക്കൂടി നിയമിച്ചത്.
കെപിസിസി പ്രസിഡൻ്റാകാൻ അവസാനം നിമിഷം വരെ ഒറ്റയ്ക്ക് പൊരുതിയ കൊടിക്കുന്നിൽ സുരേഷിന് വർക്കിംഗ് പ്രസിഡൻ്റ് പദവിയിൽ തുടരാൻ കഴിഞ്ഞതിൽ സമാധാനിക്കാം. പി ടി തോമസിനെ യുഡിഎഫ് കൺവീനറാക്കാൻ ആലോചനകളുണ്ടായിരുന്നു. എന്നാൽ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നെന്നാണ് വിവരം.