രാജ്യത്ത് 44 കോടി ഡോസ് കൊറോണ വാക്സിന് ഓർഡർ നൽകി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് 44 കോടി ഡോസ് കൊറോണ വാക്സിന് ഓർഡർ നൽകി കേന്ദ്ര സർക്കാർ. രണ്ട് വാക്സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമേയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും.

പുതിയ ഓർഡറിനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊറോണ ​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. 63 ദിവസത്തിന്​ ശേഷമാണ്​ രാജ്യത്ത്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്​. 86,498 പേർക്കാണ്​ കഴിഞ്ഞ ദിവസം കൊറോണ​ സ്ഥിരീകരിച്ചത്​.

ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്​. 4.62 ശതമാനമായാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറഞ്ഞത്​. ഇതോടെ 13,03,702 പേരാണ്​ നിലവിൽ രാജ്യത്ത്​ കൊറോണ​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​.